ഓണവില്ലിൽ വിരിഞ്ഞ വിസ്മയം...






ഓണവില്ലിന്റെ വിസ്മയം :- കാലം മാറിയപ്പോൾ മൺമറഞ്ഞുപോയ ഈ വാദ്യോപകരണവും അതുപയോഗിച്ചുള്ള കൊട്ടും പാട്ടും അവതരിപ്പിച്ചത്  അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുരുന്നുകൾക്ക് വിസ്മയമായി..
പണ്ട് യുദ്ധത്തിനൊക്കെ ഉപയോഗിച്ചിരുന്ന വില്ലിന്റെ ആകൃതിതന്നെയാണ് ഓണവില്ലിനും. വില്ലുകുലച്ച് ഞാൺ ഘടിപ്പിച്ചാൽ പിന്നെ നല്ലൊരുവാദ്യോപകരണമാണിത്. ചെണ്ടകൊട്ടുംപോലെ കൊട്ടാം.  ഹൃദയത്തോടുചേർത്ത് പിടിച്ചാൽ പിന്നെ ഞാണിന്റെ താഴ്ഭാഗം മുതൽ വിവിധ സ്വരസ്ഥാനങ്ങളാണ്. പ്രത്യേകമുണ്ടാക്കിയ മുളംകോലുകൊണ്ട് വില്ലിൽ തായമ്പകവരെ കൊട്ടാം.
ചെണ്ട കൊട്ടാൻ രണ്ടുകോലാണെങ്കിൽ വില്ലുകൊട്ടാൻ ഒറ്റക്കോൽ മതി. പക്ഷേ തായമ്പക കൊട്ടാൻ നല്ല പ്രാവീണ്യം തന്നെ വേണം. കമ്പിന് അനുസരിച്ചാണ് വില്ലിന്റെ വലുപ്പം പറയുക.
രാമലക്ഷ്മണൻമാരുടെ വനവാസത്തോടു ബന്ധപ്പെട്ടതാണ് ഓണവില്ലിന് പിന്നിലെ െഎതിഹ്യം. വനത്തിൽ നടക്കുന്നതിനിടെ രാമലക്ഷ്മണൻമാർ ക്ഷീണിതരായിരിക്കുമ്പോൾ മരത്തിൽ ചാരിവെച്ച വില്ലിന്റെ ഞാണിൽ രാമൻ അമ്പുകൊണ്ട് താളംപിടിക്കുകയും നല്ല ഇമ്പമാർന്നൊരീണം ഉണ്ടാവുകയും ചെയ്തതായാണ് കഥ.
പണ്ടൊക്കെ ഓണമാഘോഷിക്കാനുള്ളൊരു സാമ്പത്തികമാർഗംകൂടിയായിരുന്നു ഓണവില്ലുകൾ. ഓണവില്ലും പൂവട്ടികളും മറ്റുമുണ്ടാക്കി തമ്പുരാക്കൻമാർക്ക് കാഴ്ചവെക്കുമ്പോൾ കിട്ടുന്ന അരിയും സാധനങ്ങളും പാവങ്ങളുടെ വറുതിയകറ്റിയിരുന്ന ഒരു കാലവുമുണ്ടായിരുന്നുവെന്ന് ഇവരോർമിപ്പിക്കുന്നു. ഓണവില്ല് കലാകാരനായ
   ശ്രീ.കുട്ടന്റെ നേതൃത്വത്തിൽ ശ്രീ സുബ്രഹ്മണ്യൻ, ശ്രീ രാധാകൃഷ്ണൻ എന്നിവരാണ് ഓണവില്ലുകൊണ്ട് തായമ്പക അവതരിപ്പിച്ചത്. PTAപ്രസിഡന്റ് ശ്രീ M .സെയ്ദലവി, SSG ചെയർമാൻ ശ്രീ.സാംബൻ അരിക്കാട് എന്നിവരും ശ്രോതാക്കളായി അധ്യാപകരോടും കുട്ടികളോടും ഒപ്പം ചേർന്നു.കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി ഈ സംഗീത വിസ്മയം.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019