2020, ജനുവരി 3, വെള്ളിയാഴ്‌ച

കുട്ടിപ്പട്ടാളം പോലീസ് സ്റ്റേഷനിൽ...

പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ തൃത്താല ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.... എസ് ഐ മറ്റു പോലീസുകാർ എന്നിവർ കുട്ടികളോട് വളരെ സൗഹാർദത്തോടെ ഇടപെടുകയും പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികളെക്കുറിച്ച് വിശദമാക്കുകയും ചെയ്തു. കുട്ടികൾ അവരുടെ സംശയങ്ങൾ പോലീസിനോട് ചോദിച്ചു. കുട്ടികളോടൊപ്പം അധ്യാപകർ, SMC ചെയർമാൻ, PTAപ്രസിഡന്റ്, രക്ഷിതാക്കൾ എന്നിവരും പങ്കു ചേർന്നു.

2019, ഡിസംബർ 8, ഞായറാഴ്‌ച

വിദ്യാലയം പ്രതിഭകളിലേക്ക്

വിദ്യാലയം പ്രതിഭകളോടൊപ്പം :- അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ സമകാലീന കവയത്രി ശ്രീമതി സിന്ധു മലമക്കാവിനെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ, SMC ചെയർമാൻ ശ്രീ OKM കൃഷ്ണൻ നമ്പൂതിരി, PTAപ്രസിഡന്റ് ശ്രീ M. സെയ്ദലവി എന്നിവരും അധ്യാപകരും കുട്ടികളും ചേർന്ന് കവയത്രിയുടെ വീട്ടിലെത്തിയാണ് ആദരം അറിയിച്ചത്. സിന്ധു മലമക്കാവ് കുട്ടികളുമായി സംവദിച്ചു, കവിതകൾ ചൊല്ലി.

ഓണവില്ലിൽ വിരിഞ്ഞ വിസ്മയം...


ഓണവില്ലിന്റെ വിസ്മയം :- കാലം മാറിയപ്പോൾ മൺമറഞ്ഞുപോയ ഈ വാദ്യോപകരണവും അതുപയോഗിച്ചുള്ള കൊട്ടും പാട്ടും അവതരിപ്പിച്ചത്  അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുരുന്നുകൾക്ക് വിസ്മയമായി..
പണ്ട് യുദ്ധത്തിനൊക്കെ ഉപയോഗിച്ചിരുന്ന വില്ലിന്റെ ആകൃതിതന്നെയാണ് ഓണവില്ലിനും. വില്ലുകുലച്ച് ഞാൺ ഘടിപ്പിച്ചാൽ പിന്നെ നല്ലൊരുവാദ്യോപകരണമാണിത്. ചെണ്ടകൊട്ടുംപോലെ കൊട്ടാം.  ഹൃദയത്തോടുചേർത്ത് പിടിച്ചാൽ പിന്നെ ഞാണിന്റെ താഴ്ഭാഗം മുതൽ വിവിധ സ്വരസ്ഥാനങ്ങളാണ്. പ്രത്യേകമുണ്ടാക്കിയ മുളംകോലുകൊണ്ട് വില്ലിൽ തായമ്പകവരെ കൊട്ടാം.
ചെണ്ട കൊട്ടാൻ രണ്ടുകോലാണെങ്കിൽ വില്ലുകൊട്ടാൻ ഒറ്റക്കോൽ മതി. പക്ഷേ തായമ്പക കൊട്ടാൻ നല്ല പ്രാവീണ്യം തന്നെ വേണം. കമ്പിന് അനുസരിച്ചാണ് വില്ലിന്റെ വലുപ്പം പറയുക.
രാമലക്ഷ്മണൻമാരുടെ വനവാസത്തോടു ബന്ധപ്പെട്ടതാണ് ഓണവില്ലിന് പിന്നിലെ െഎതിഹ്യം. വനത്തിൽ നടക്കുന്നതിനിടെ രാമലക്ഷ്മണൻമാർ ക്ഷീണിതരായിരിക്കുമ്പോൾ മരത്തിൽ ചാരിവെച്ച വില്ലിന്റെ ഞാണിൽ രാമൻ അമ്പുകൊണ്ട് താളംപിടിക്കുകയും നല്ല ഇമ്പമാർന്നൊരീണം ഉണ്ടാവുകയും ചെയ്തതായാണ് കഥ.
പണ്ടൊക്കെ ഓണമാഘോഷിക്കാനുള്ളൊരു സാമ്പത്തികമാർഗംകൂടിയായിരുന്നു ഓണവില്ലുകൾ. ഓണവില്ലും പൂവട്ടികളും മറ്റുമുണ്ടാക്കി തമ്പുരാക്കൻമാർക്ക് കാഴ്ചവെക്കുമ്പോൾ കിട്ടുന്ന അരിയും സാധനങ്ങളും പാവങ്ങളുടെ വറുതിയകറ്റിയിരുന്ന ഒരു കാലവുമുണ്ടായിരുന്നുവെന്ന് ഇവരോർമിപ്പിക്കുന്നു. ഓണവില്ല് കലാകാരനായ
   ശ്രീ.കുട്ടന്റെ നേതൃത്വത്തിൽ ശ്രീ സുബ്രഹ്മണ്യൻ, ശ്രീ രാധാകൃഷ്ണൻ എന്നിവരാണ് ഓണവില്ലുകൊണ്ട് തായമ്പക അവതരിപ്പിച്ചത്. PTAപ്രസിഡന്റ് ശ്രീ M .സെയ്ദലവി, SSG ചെയർമാൻ ശ്രീ.സാംബൻ അരിക്കാട് എന്നിവരും ശ്രോതാക്കളായി അധ്യാപകരോടും കുട്ടികളോടും ഒപ്പം ചേർന്നു.കുട്ടികൾക്ക് ഒരു പുത്തൻ അനുഭവമായി ഈ സംഗീത വിസ്മയം.
2019, നവംബർ 12, ചൊവ്വാഴ്ച

ചിത്രകളരി ശിൽപശാല

                                                                                                                                                                                                                                                                                ടാലെന്റ്‌ലാബിന്റെ  ഭാഗമായ ചിത്രകളരിയോടനുബന്ധിച്ചു   ശ്രീ ഫൈസൽ മുഹമ്മദിന്റെ നേതൃത്വത്തിൽ അരിക്കാട് ജി  എൽ  പി  സ്കൂളിൽ  ശില്പശാല  സംഘടിപ്പിച്ചു . ചിത്രകലയിൽ  താൽപര്യമുള്ളവരെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകമായി ഈ  ശില്പശാല . വാർഡ് മെമ്പർ ശ്രീ കെ ശശിധരനും എസ് എം സി ചെയര്മാന് ശ്രീ ഒ കെ എം കൃഷ്ണൻ നമ്പൂതിരിയും സന്നിഹിതരായിരുന്നു . മാസത്തിൽ രണ്ടു വെള്ളിയാഴ്ചകളിൽ രാവിലെ 8  മുതൽ 10 വരെ ശ്രീ ഫൈസൽ കുട്ടികൾക്ക് ചിത്രംവരയുടെ പ്രാഥമിക പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ സ്കൂളിൽ വരുന്നുണ്ട് .
2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഉല്ലസിച്ച് ഗണിത പഠനം...എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ,സംഖ്യാ കാർഡുകൾ ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈ സുകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം.

കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്

വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും...ശുദ്ധമായ കുടിവെള്ളം

അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു.

2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പാഠം ഒന്ന്; പാടത്തേക്ക്

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ മലമൽക്കാവ് പാടം സന്ദർശിക്കുന്നു...
കൃഷി രീതികൾ പരിചയപ്പെടാനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും ഈ സന്ദർശനം ഗുണം ചെയ്തു . ഞാറു പറിക്കുന്നതും  നടുന്നതും  കുട്ടികൾ കണ്ടു .പാടത്തിറങ്ങി ഞാറു നടാൻ അവരും കൂടി .