ടീച്ചേർസ് പേജ്
 നക്ഷത്രനിരീക്ഷണം.
നാലാം ക്ലാസ്സിലെ ആകാശക്കാഴ്ചകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അരിക്കാട് ജി.എൽ.പി.സ്ക്കൂളിലെ കുട്ടികൾ നക്ഷത്രനിരീക്ഷണം നടത്തി.
നക്ഷത്രങ്ങളെ
 പരിചയപ്പെടുത്തിത്തന്നത് ഈ സ്ക്കൂളിലെ ഒരു രക്ഷിതാവു കൂടിയായ ശ്രീ. 
ഷാജിയാണ്. പ്രൊജക്റ്റർ ഉപയോഗിച്ച് ഒരു മുൻധാരണയുണ്ടാക്കാൻ 
ശ്രമിച്ചുവെങ്കിലും പ്രൊജക്റ്റർ പണിമുടക്കിയത് എല്ലാവരിലും അൽപം 
നിരാശയുണ്ടാക്കി. എങ്കിലും തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. ഓരോ 
കൂട്ടങ്ങളും വിശദമായിത്തന്നെ പരിചയപ്പെട്ടു. നുറുങ്ങുകഥകളും 
മേമ്പൊടിയായിട്ടുണ്ടായിരുന്നു. തീക്കട്ട പോലുള്ള 'തിരുവാതിര' 
തോളത്തേന്തിനിൽക്കുന്ന 'വേട്ടക്കാരൻ'. വേട്ടക്കാരനുമായി മല്ലിടുന്ന 
കാള(ഇടവം). വേട്ടക്കാരൻ ആദ്യം വേട്ടയാടിയ മുയൽ(ലിപ്പസ്). വേട്ടക്കാരന്റെ 
തലയായി സങ്കൽപിക്കുന്ന മകയിര്യം. വേട്ടക്കാരൻ വന്ന തോണി(പുണർതം). അടുത്തു 
തന്നെയുള്ള പുഴ(ഇറിഡാനസ്). അശ്വമുഖം പോലെ അശ്വതി. അടുപ്പുകല്ലു പോലെ ഭരണി. 
പൂച്ചെണ്ടു പോലെയുള്ള കാർത്തിക. എല്ലാം വ്യക്തമായിരുന്നു.
വ്യാഴഗ്രഹം,
 സൂര്യൻ കഴിഞ്ഞാൽ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന നക്ഷത്രം 
സിറിയസ്, വേട്ടക്കാരന്റെ കാൽഭാഗത്തുള്ള സേഫ്, റീഗൽ എന്നീ നക്ഷത്രങ്ങൾ. 
ആൻഡ്രോമീഡ, കാസിയോപ്പിയ.....
വൈകുന്നേരം
 7മുതൽ 9വരെയായിരുന്നു നിരീക്ഷണം നടന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും 
പ്രവർത്തനത്തിൽ പങ്കാളികളാവുകയും അറിവു പങ്കുവെയ്ക്കുകയും ചെയ്തു. 
കുട്ടികൾക്ക് ഇതൊരു ആവേശകരമായ അനുഭവമായിരുന്നു.
പിറ്റേന്ന് ക്ലാസ്ചർച്ചയിൽ കുട്ടികൾക്ക് ധാരാളം സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു. അവയിൽ ചിലത്:
* ഭൂമിയിൽ നിന്ന് വ്യാഴത്തെ കാണുംപോലെ വ്യാഴത്തിൽ നിന്നാൽ ഭൂമിയെ കാണുമോ?
* വ്യാഴത്തിന് സൂര്യനല്ലാതെ മറ്റ് നക്ഷത്രങ്ങൾ വെളിച്ചം നൽകുന്നുണ്ടോ?
* തിരുവാതിര നശിച്ചാൽ ആ സ്ഥാനത്ത് വേറെ നക്ഷത്രം ഉണ്ടാകുമോ?
* ഭൂമിയിൽ മാത്രം എന്തുകൊണ്ട് വെള്ളം, വായു, മരങ്ങൾ, മനുഷ്യൻ....?
* വ്യാഴത്തിലെത്താൻ എത്ര ദിവസമെടുക്കും?
* അവിടെ പോയി തിരിച്ചുവരുമ്പോഴേക്കും വയസ്സനാകുമോ?
ഒരാൾക്കു
 പേടി - തിരുവാതിര നശിച്ചാൽ കരിയും പൊടിയും ഇങ്ങോട്ടു വീഴില്ലേ? പിന്നെ, 
അതിന് ആയിരക്കണക്കിനു വർഷമെടുക്കുമല്ലോ എന്നൊരാശ്വാസവും. 
--സൂര്യ. (ക്ലാസ് ടീച്ചർ 4A)
--സൂര്യ. (ക്ലാസ് ടീച്ചർ 4A)