വായനശാല

തുറന്ന ക്ലാസ്സ്മുറി



1960കളിലും 70കളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. ഇവ നവീന ബോധന സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. ജപ്പാൻ, ഇംഗ്ലണ്ട്, ഇറ്റലി, ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള സംരംഭങ്ങൾ രൂപപ്പെടുകയുണ്ടായിട്ടുണ്ട്. ജനാധിപത്യ വിദ്യാഭ്യാസ പ്രകൃയയെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും വളരെ ഗൌരവമായി ചിന്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ഇവയുടെ ഉല്പന്നങ്ങളായി ചില പുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ദിവാസ്വപ്നം, ടോട്ടോച്ചാൻ, The teacher, Letter to a Teacher തുടങ്ങിയവ ഇവയിൽ ചിലതാണ്. ഈ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് കെ.ടി.മാർഗരറ്റിന്റെ Open Classroom.

ബാംഗ്ലൂരിനടുത്ത് തിലക്­നഗർ കോളനിയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ പുസ്തകരചനക്കാധാരം. കുറെ സിദ്ധാന്തങ്ങളും ഉദ്ധരണികളും പഠിച്ച് സമൂഹത്തിലേക്കിറങ്ങിയ ഒരു അദ്ധ്യാപികയുടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുടെ ഒരു സഞ്ചയം കൂടിയാണിത്.

"എന്തുതരം വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്? കുട്ടികൾക്ക് യഥാർത്ഥ സ്വത്വം കണ്ടെത്താനുള്ള വിദ്യാഭ്യാസം നൽകാൻ നമുക്കാകുമോ? അവരിൽ നല്ല പെരുമാറ്റവും ആത്മവിശ്വാസവും ലോകവിജയം നേടാനുള്ള പ്രാപ്തിയും ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള വിദ്യാഭ്യാസം അവർക്ക് നൽകിയാൽ മതിയോ? കുട്ടികൾക്കനുയോജ്യമായ വിധമുള്ള വിദ്യാഭ്യാസത്തെക്കുറിച്ചൊരു ധാരണയുണ്ടാക്കാൻ നമുക്കു സാധിക്കുമോ?” ഈ ചോദ്യങ്ങൾ ആദ്യ അദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളിൽ നിന്ന് ശരിയായ ഉത്തരങ്ങളിലേക്കുള്ള യാത്രയാണ് മാർഗരറ്റിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ. ഈ യാത്രയിൽ മാർഗ്ഗരറ്റ് വഴിയും പരിസരവും സശ്രദ്ധം നിരീക്ഷിക്കുകയും നിസ്സാരങ്ങൾ എന്നു തോന്നുന്നവ പോലും സൂക്ഷ്മതയോടും കൃത്യതയോടും കൂടി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സവിശേഷതയാണ് നിലവിലുള്ള ബോധനരീതികളുടെ പോരായ്മകളെ കുറിച്ച് അവരെ ബോധവതിയാക്കുന്നതും പുതിയ ബോധന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് അവരെ സഹായിക്കുന്നതും.

"ഒരാളുടെ യഥാർത്ഥ സ്വത്വം കണ്ടെത്തലാണ് വിദ്യാഭ്യാസം. മനസ്സിന്റെയും ആത്മാവിന്റെയും ശരീരത്തിന്റെയും അന്തർലീനമായ ഗുണങ്ങളെ പുഷ്ടിപ്പെടുത്തി ബാഹ്യലോകത്ത് കാര്യക്ഷമമായുപയോഗിക്കാൻ വിദ്യാഭ്യാസം പ്രാപ്തി നൽകുന്നു" എന്ന് വിദ്യാഭ്യാസത്തെ നിർവചിച്ച ശേഷം നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇത്തരത്തിലുള്ളതാണോ എന്ന് പരിശോധിക്കുന്നുമുണ്ട്.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ട് ആ‍ശയങ്ങളാണ് കളിയിലൂടെയുള്ള പഠനവും ക്ലാസ്സ്മുറിയിലെ സ്വാതന്ത്ര്യവും. “ക്രിയാത്മകമായ വളർച്ചയ്ക്ക് ഒരാൾ പ്രാപ്തനാകും വിധം പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കാനുള്ള പ്രാപ്തിയെയാണ് ഞാൻ സ്വാതന്ത്ര്യമായി വിശ്വസിക്കുന്നത്." എന്ന് മാർഗരറ്റ് സ്വാതന്ത്ര്യത്തെ വ്യക്തമായി നിർവ്വചിക്കുന്നു.

ബാംഗ്ലൂർ നഗരത്തിൽ തമിഴ് കുടിയേറ്റക്കാരായ തൊഴിലാളികളുടെ മക്കൾക്കിടയിലെ കെ.റ്റി.മാർഗരറ്റിന്റെ പ്രവർത്തനം വിദ്യാഭ്യാസത്തിന്റെ പരിവർത്തന ശേഷിക്കുള്ള ആവേശകരമായ അനുഭവസാക്ഷ്യമാണ്. വിദ്യാഭ്യാസ തല്പരരായ ഏതൊരാളും അവശ്യം വായീരിക്കേണ്ടതാണീ പുസ്തകം


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019